ന്യൂഡൽഹി:: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഡിജിസിഎ. എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ഇൻസ്പെക്ടർമാരായ ഋഷി രാജ് ചാറ്റർജി, സീമ ജാംനാനി, അനിൽ കുമാർ പൊഖിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പിരിച്ചുവിട്ടത്. തിങ്കളാഴ്ച വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി. ദുരിതബാധിതരായ യാത്രക്കാർക്ക് യാത്രാ വൗച്ചറുകളുടെ രൂപത്തിൽ 10,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് എയർലൈൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിനിടെ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വ്യാഴാഴ്ച ഡിജിസിഎ രൂപീകരിച്ച അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി. ഏകദേശം 3 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയുടെ 1,950 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അന്വേഷണ സമിതിയെ അറിയിച്ചു.
2,300 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർലൈനിനോട് ശൈത്യകാല ഷെഡ്യൂൾ 10 ശതമാനം കുറയ്ക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുന്നതിനും ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നതിനും വിമാന തടസ്സങ്ങൾക്കും കാരണമായ ഘടകങ്ങളെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നതിനാൽ വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ ഉദ്യോഗസ്ഥർ സിഇഒയോട് ആവശ്യപ്പെട്ടു.
ഇൻഡിഗോയെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ വർദ്ധിച്ചതോടെ, ഇൻ്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് സിജിഎസ്ടി അഡീഷണൽ കമ്മീഷണർ 58.75 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ കമ്പനി രംഗത്തെത്തിയിരുന്നു. അതേസമയം ഡൽഹി, ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ വ്യാഴാഴ്ച്ച 200 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇൻഡിഗോ പ്രതിസന്ധി: 4 ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചുവിട്ടു


