തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്‌പാ, മസാജ് കേന്ദ്രങ്ങൾ വ്യാപകമാകുന്നു. കോർപ്പറേഷൻ പരിശോധനയിൽ 17 അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോർപ്പറേഷൻ പരിധിയിലുളളത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സ്പാ, മസാജ് സെൻ്ററുകൾക്ക് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ഉളളവർക്ക് മാത്രമാകും ഇനി ലൈസൻസ് നൽകുക.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നിരവധി സ്പാകളിൽ കോർപ്പറേഷൻ പരിശോധന നടത്തിയിരുന്നു. കഴക്കൂട്ടത്തെ സ്‌പാകളിലാണ് കോർപ്പറേഷൻ പരിശോധന നടത്തിയത്. മേയർ വി വി രാജേഷിൻ്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകൾ ഇല്ലാത്ത സ്ഥാപനങ്ങൾ രേഖകൾ ഓഫീസിലെത്തി കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന നടക്കും.പാളയത്തെ സ്പപാ കോർപ്പറേഷൻ കഴിഞ്ഞ ദിവസം പൂട്ടിച്ചിരുന്നു. സെക്രട്ടറിയറ്റിന് മുന്നിൽ പ്രവർത്തിച്ചിരുന്ന ‘സ്‌പർശൻ’ സ്‌പാ ആണ് നഗരസഭാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസൻസില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി. ഒരു ലൈസൻസിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. സ്പാ സെന്ററുകളിൽ ക്രോസ് മസാജിങ് നടക്കുന്നുണ്ടെന്നും അംഗീകൃത ഡോക്ടർമാരുടെയും മറ്റും സാന്നിധ്യമില്ലാതെയാണ് ചിലയിടത്ത് സ്പാകളുടെ പ്രവർത്തനമെന്നും മേയർ വി വി രാജേൽ പറഞ്ഞിരുന്നു. ഇത്തരം ലൈസൻസിൻ്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്താൻ അനുവദിക്കില്ല. അങ്ങനെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കിയിരുന്നു.
തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, കണ്ടെത്തിയത് 17 കേന്ദ്രങ്ങൾ, വ്യാപക പരിശോധന


