കോട്ടയം: കോട്ടയത്ത് യുവതിക്ക് നേരെ ഭർത്താവിൻ്റെ അതിക്രമം. കുമരനെല്ലൂരിലാണ് സംഭവം. 39കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചത്. യുവതിയുടെ മുഖത്തും ഗുരുതര പരിക്കേറ്റു. ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലായിരുന്നു യുവതി ക്രൂരമായ മർദനത്തിനിരയായത്. തുടർന്ന് രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുൻപും പലതവണ ജയൻ തന്നെ മർദിച്ചിരുന്നതായി യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. അകാരണമായാണ് പലപ്പോഴും മർദിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. മക്കളെയും ജയൻ മർദിച്ചിരുന്നെന്ന് രമ്യ പറയുന്നു. മുൻപ് ഖത്തറിൽ ആയിരുന്നപ്പോഴും ആക്രമിക്കുമായിരുന്നു. യുവതിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. ഭർത്താവ് ജയൻ ഒളിവിലാണ്.
യുവതിക്ക് നേരെ ഭർത്താവിൻ്റെ അതിക്രൂര മർദനം; ഗുരുതര പരിക്കുമായി യുവതി ആശുപത്രിയിൽ, മക്കളെയും മർദിക്കുമെന്ന് വെളിപ്പെടുത്തൽ


