ടോൾ പിരിവ് സംവിധാനം ഒരു വർഷത്തിനുള്ളിൽ നിർത്തലാക്കും; പകരം ഇലക്ട്രോണിക് സംവിധാനം; നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ നിലവിലുള്ള ടോൾ പിരിവ് സംവിധാനം ഒരു വർഷത്തിനുള്ളിൽ നിർത്തലാക്കുമെന്നും പകരം ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി പ്രസ്‌താവിച്ചു. വ്യാഴാഴ്‌ച ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സംവിധാനം ഇതിനകം 10 സ്ഥലങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി വികസിപ്പിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
ടോളിന്റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ലെന്നും ഈ ടോൾ സംവിധാനം അവസാനിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഒരു ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കുമെന്നുമായിരുന്നു ഗഡ്‌കരി പറഞ്ഞത്. ഇന്ത്യയിലുടനീളം 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികളുടെ നിർമാണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഹൈവേകളിലുടനീളം ടോൾ പിരിവ് കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് ടോൾ പേയ്മെന്റുകൾക്കായുള്ള സംയോജിതവും പരസ്‌പര പ്രവർത്തനക്ഷമവുമായ പ്ലാറ്റ് ഫോമായ നാഷണൽ ഇലക്ട്രോണിക് ടോൾ പിരിവ് പ്രോഗ്രാം, നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്തതായി അടുത്തിടെ പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു.
വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ ഘടിപ്പിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ അധിഷ്ഠിത ഉപകരണമായ ഫാസ്റ്റ് ടാഗാണ് കേന്ദ്രബിന്ദു. ടോൾ പ്ലാസകളിൽ നിർത്താതെ തന്നെ ഉപയോക്താവിന്റെ ലിങ്ക് ചെയ്‌ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക് ടോൾ പേയ്മെൻ്റുകൾ സാധ്യമാക്കുന്ന ഒരു ഉപകരണമാണിത്.
ഗുജറാത്തിലെ സൂറത്തിൽ ഡൽഹി-മുംബൈ എക്‌സ്പ്രസ്‌വേയുടെ നിർമ്മാണ പുരോഗതി വ്യാഴാഴ്‌ച അവലോകനം ചെയ്ത‌ ഗഡ്‌കരി, ഈ അഭിലാഷ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.’എല്ലാ തടസ്സങ്ങളും നീക്കി പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. റോഡ് നന്നായി നിർമ്മിച്ചിട്ടുണ്ട്. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ ചെറിയ പോരായ്‌മകളും പരിഹരിക്കുമെന്നു ഗഡ് കരി പറഞ്ഞു.
ഭാവിയിൽ, ഈ റോഡിലൂടെ ഇലക്ട്രിക് ട്രക്കുകളും ബസുകളും ഓടുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യ പദ്ധതിയിൽ ഉൾപ്പെടുത്തും. ഈ റോഡ് പൂർത്തിയായിക്കഴിഞ്ഞാൽ കയറ്റുമതിയും ടൂറിസവും വർദ്ധിപ്പിക്കുമെന്നും ജനങ്ങളുടെ യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top