കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവം; അപകടമുണ്ടാക്കിയ വോൾവോ കാർ കണ്ടെത്തി; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജു ഓടിച്ച വോൾവോ കാർ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിൻ്റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിൻ്റെ കാർ കണ്ടെത്തിയത്. അപകടത്തിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മണിയൻപിള്ള രാജുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിപ്പോൾ വാഹനം കണ്ടെത്തിയത്. എഫ്ഐആറിൽ നടൻ്റെ പേര് പരാമർശിച്ചിരുന്നില്ല. ഇതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടൻ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനുശേഷം അപകടമുണ്ടായ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. ഇതിനുശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.ട്രിവാൻഡ്രം ക്ലബിൽ നിന്ന് വന്ന കാർ ബൈക്കിലിടിച്ച് നിർത്താതെ പോവുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് യുവാക്കൾ പറയുന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. അതേസമയം, യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് രാജുവിൻ്റെ മൊഴി. താൻ ഒരു ക്യാൻസർ രോഗിയാണെന്നും വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഭയം കൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നും പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നും മണിയൻപിള്ള രാജു പ്രതികരിച്ചിരുന്നു. അപകടം നടന്ന് 12 മണിക്കൂറിനുശേഷമാണ് മണിയൻപിള്ള രാജുവിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. അപകടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് ആരോപണം. ടെന്നീസ് ക്ലബ്ബിന്റെ പിൻഭാഗത്തുനിന്ന് കണ്ടെത്തിയ കാറിൻ്റെ മുൻഭാഗത്തെ ബംപർ അടക്കം തകർന്നിട്ടുണ്ട്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top