ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇതുസംബന്ധിച്ച് വിജിലന്‍സിന് നിര്‍ദേശം നല്‍കി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 2017-ല്‍ കേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ എസ്ഐടി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുക്കും. പ്രയാഗ് ഗോപാലകൃഷ്ണനായിരുന്നു അന്ന് ദേവസ്വം പ്രസിഡന്റ്. അജയ് തറയില്‍, കെ രാഘവന്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പാളികള്‍ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. വിഎസ്എസ്സിയില്‍ നടത്തിയ പരിശോധനാഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പരിശോധന നടത്തണമെന്ന
എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍
എസ്ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. ഫെബ്രുവരി 12ന് സാമ്പിള്‍ ശേഖരിക്കും തുടര്‍ന്ന് മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും പരിശോധന നടത്തുക. പരിശോധനയിലൂടെ സ്വര്‍ണത്തിന്റെ കാലപ്പഴക്കത്തിലും കൃത്യത വരുത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top