‘ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്‌ടപരിഹാരം; മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്‌ഗഡിൽ എത്തിക്കും’

പാലക്കാട്: തൃശൂർ വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി നടത്തിയ ചർച്ച വിജയകരം. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അംഗീകരിച്ചത്. 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാമെന്നു മന്ത്രി രാജൻ ചർച്ചയിൽ ഉറപ്പ് നൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്‌ഗഡിലേക്ക് സർക്കാർ ചെലവിൽ എത്തിക്കും. രാമനാരായണൻ്റെ ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും. കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.തൃശൂർ മെഡിക്കൽ കോളജിനു മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയാറായിരുന്നില്ല. ഇതോടെയാണു സർക്കാർ ചർച്ചയ്ക്ക് തയാറായത്. അനുകൂലമായ തീരുമാനം ഉണ്ടായാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന് ബന്ധുക്കൾ നിലപാടെടുത്തിരുന്നു. ഇതോടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ചർച്ചയിൽ മന്ത്രി കെ.രാജൻ, തൃശൂർ കലക്‌ടർ അർജുൻ പാണ്ഡ്യൻ, മരിച്ച രാമനാരായണൻ്റെ ഭാര്യ ലളിത, കുട്ടികൾ, ബന്ധുക്കൾ എന്നിവർ പങ്കെടുത്തു. പ്രതികൾ രാമനാരായണിനെ ക്രൂരമായി മർദിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിക്കുകയും രാമനാരായണൻ്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.അതേസമയം വാളയാർ ആൾക്കൂട്ട കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ്-ബിജെപി ക്രിമിനലുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. ഇക്കാര്യം പകൽ പോലെ വ്യക്തമാണെന്നും കേസ് സത്യസന്ധമായി പരിശോധിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. “ആക്രമിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികൾ ആർഎസ്എസുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്. കേരളത്തിൽ ഇത് അനുവദിക്കാൻ പാടുള്ളതല്ല. മതനിരപേക്ഷ മൂല്യമുള്ള ഒരു സംസ്ഥാനത്തിനും ഇത് അംഗീകരിക്കാൻ സാധിക്കില്ല. ബംഗ്ലാദേശി എന്ന് പറഞ്ഞാണ് യുവാവിനെ ആക്രമിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്നത് കേരളത്തിലും നടപ്പാക്കാനാണ് ശ്രമം. കേരളീയ സമൂഹമാകെ ഒറ്റക്കെട്ടായി നിലനിൽക്കണം” – അദ്ദേഹം പറഞ്ഞു.അതിനിടെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു. “പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കും. പ്രതികൾക്ക് ക്രിമിനൽ പശ്ച‌ാത്തലം ഉണ്ടോയെന്ന് പരിശോധിക്കും. ഏതെങ്കിലും കേസിൽ ജാമ്യത്തിൽ കഴിയുകയാണെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകും. ഡിവൈഎസ്പ‌ി പി.എം.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ചിലെയും വാളയാർ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പത്തംഗ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്” – ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു. കേസിൻ്റെ അന്വേഷണം കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ആൾക്കൂട്ടമർദനം പോലുള്ള കേസുകൾ കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കേണ്ടതിനാലാണ് ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസിൽ 5 പേരാണ് റിമാൻഡിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top