ശബരിമലയിൽ അഭിഷേകം ചെയ്ത നെയ് വിൽപ്പനയിലെ ക്രമക്കേടിൽ സന്നിധാനത്തു പരിശോധന. വിജിലൻസ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളിൽ പരിശോധന. കൗണ്ടറുകളിൽ ഉൾപ്പടെ രേഖകൾ പരിശോധിക്കുന്നുണ്ട്. ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യിന്റെ വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക്ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ സുനിൽകുമാർ പോറ്റിയെ ബോർഡ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയിൽ വിജിലൻസ് പരിശോധന


