സ്കൂട്ടറിടിച്ച് മരിച്ച യാചകൻ്റെ സഞ്ചിയിൽ നാലരലക്ഷം രൂപയും സൗദി റിയാലും; സഞ്ചി തുറന്നപ്പോൾ പൊലീസും ഞെട്ടി

ആലപ്പുഴ: സ്കൂട്ടറിടിച്ച് മരിച്ച യാചകൻ്റെ സഞ്ചിയിൽ നാലരലക്ഷം രൂപയും സൗദി റിയാലും! ചാരുംമുട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ച അനിൽ കിഷോർ എന്നയാളുടെ സഞ്ചി തുറന്നപ്പോഴാണ് പണം കണ്ടെത്തിയത്. കാലങ്ങളായി ചാരുംമൂട്ടിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തി വരികയായിരുന്നു ഇയാൾ. ഭിക്ഷാടനത്തിനിടയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാളെ സ്‌കൂട്ടർ ഇടിച്ചത്. പരിക്കേറ്റ ഇയാളെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുള്ളതിനാൽ വിദഗ്‌ധ ചികിത്സ വേണമെന്നു ഡോക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്നു രാത്രി തന്നെ അനിൽ കിഷോർ ആരോടും ചോദിക്കാതെ ആശുപത്രിയിൽ നിന്നു ഇറങ്ങിപ്പോയി.
പിന്നീട് നാട്ടുകാർ കാണുന്നത് കടത്തിണ്ണയിൽ മരിച്ചു കിടക്കുന്ന നിലയിലാണ്. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളുടെ സഞ്ചികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്‌തു. സഞ്ചികൾ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സു‌സുകളും ലഭിച്ചത്. തുടർന്ന് പഞ്ചായത്തംഗമായ ഫിലിപ് ഉമ്മനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. അഞ്ചു പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയിൽ 4,52,207 രൂപയാണ് കണ്ടെത്തിയത്. കെട്ടിൽ രണ്ടായിരം രൂപയുടെ 12 നിരോധിത നോട്ടുകളും സൗദി റിയാലും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കൾ ആരും എത്താത്തതിനാൽ പണം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top