മംഗ്ളൂരു: ബംഗ്ളൂരുവിൽ നിന്നു തുറമുഖ നഗരമായ മംഗ്ളൂരുവിലേയ്ക്ക് എം ഡി എം എ കടത്തിയ കേസിൽ കാസർകോട്, ഉപ്പള സ്വദേശികൾ ഉൾപ്പെടെ അഞ്ചു പ്രതികളെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. മംഗ്ളൂരു ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഉപ്പള, ഗേറ്റിലെ മുഹമ്മദ് റമീസ് (24), ഷിറിയ, റഷീദ് മൻസിലിലെ മൊയ്തീൻ റഷീദ് (24), ഉപ്പള, മുളിഞ്ച പത്തോടിയിലെ അബ്ദുൽ റൗഫ് (35), ബംഗ്ളൂരു മടിവാളയിലെ സബിത എന്ന ചിഞ്ചു (25), സുഡാൻ സ്വദേശി ലുവൽ ഡാനിയേൽ ജസ്റ്റിൻ ബൗലോ എന്ന ഡാനി (25) എന്നിവരെയാണ് ജഡ്ജി ബസവരാജ് ശിക്ഷിച്ചത്. മുഹമ്മദ് റമീസിനെ 14 വർഷം കഠിനതടവിനും 1.45 ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. അബ്ദുൽ റൗഫിനു 13 വർഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയും സബിതയ്ക്കും മൊയ്തീൻ റഷീദിനും ലുവൽ ഡാനിയേലിനും 12 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കാസർകോട് സ്വദേശികളെ എം ഡി എം എയുമായി അറസ്റ്റിലായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സബിതയും ഡാനിയേലും പൊലീസിൻ്റെ പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഡാനിയേൽ.
മയക്കുമരുന്ന് കടത്ത് കേസിൽ ഉപ്പള സ്വദേശികൾ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് കഠിനതടവും പിഴയും


