പരീക്ഷക്ക് ഉയർന്ന വിജയം വാഗ്ദാനം, 11കാരിയെ ആഭിചാരക്രിയയുടെ പേരിൽ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി അറസ്റ്റിൽ

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെൺകുട്ടിയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയർന്ന വിജയം വാഗ്ദാനം ചെയ്‌തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്.
ഉയർന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയിൽ കൊണ്ടുപോയി സ്വകാര്യ ഭാഗത്തിൽ സ്‌പർശിച്ചെന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാൾ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസ് ചൈൽഡ് ലൈനിനെയും വിവരം അറിയിച്ചു. ചൈൽഡ് ലൈൻ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി.മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞാണ് ഷിനുവിൻ്റെ അടുത്തേക്ക് എത്തിയതെന്ന് അമ്മ റിപ്പോർട്ടറിനോട് പറഞ്ഞു. പൂജ ചെയ്യണം കുറച്ച് പൈസയേ ആകുള്ളുവെന്ന് പറഞ്ഞെന്നും ആദ്യം ഒറ്റയ്ക്ക് വന്ന് കാര്യങ്ങളെല്ലാം അന്വേഷിച്ച് പിന്നീട് മകളെയും കൂട്ടി വന്നെന്നും അമ്മ പറഞ്ഞു. ‘വന്ന സമയത്ത് കുട്ടി പഠിക്കാൻ മോശമാണ്, ഒറ്റയ്ക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കണമെന്ന് ഇയാൾ പറഞ്ഞു. കാര്യങ്ങൾ ചോദിച്ചറിഞ്ഞാലേ പൂജ ചെയ്യാൻ പറ്റുള്ളുവെന്നും പറഞ്ഞു. എനിക്ക് വിശ്വാസമായത് കൊണ്ടും നല്ലൊരു മനുഷ്യനാണെന്നും കരുതിയുമാണ് കുട്ടിയെ ഒറ്റയ്ക്ക് മുറിയിൽ വിട്ടത്. ഞാൻ പുറത്ത് നിൽക്കുകയായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറോളം മകൾ മുറിയിലായിരുന്നു. പുറത്ത് ഇറങ്ങിയപ്പോൾ മകളുടെ മുഖത്ത് ഒരു ഭയമുണ്ടായിരുന്നു. കാര്യങ്ങൾ ചോദിച്ചപ്പോൾ സ്വാമി മോശമായി സ്‌പർശിച്ചതായി തോന്നിയെന്ന് മകൾ പറഞ്ഞു. സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചെന്നും മകൾ പറഞ്ഞു’, അമ്മ പറഞ്ഞു.അതേസമയം ഷിനുവിൻ്റെ മുറിയിൽ നിന്നും പൂജാ സാധനങ്ങളും വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ശംഖ് ജ്യോതിഷം എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരിൽ ചൂരൽപ്രയോഗവും ഇയാൾ നടത്താറുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് നിന്നും ഇവിടേക്ക് ആളുകൾ എത്താറുണ്ടെന്നാണ് ജീവനക്കാരി റിപ്പോർട്ടറിനോട് പറഞ്ഞത്. തന്നെ ഷിനു ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും കുടുംബ ജീവിതം തകരാതിരിക്കാനാണ് പുറത്ത് പറയാത്തതെന്നും ഒരു യുവതിയും റിപ്പോർട്ടറിനോട് പ്രതികരിച്ചു.നേരത്തെ ടൈൽസ് പണിയെടുത്തായിരുന്നു ഷിനു ജീവിച്ചത്. കുറച്ച് കാലം മുമ്പാണ് സ്വാമിയുടെ വേഷം കെട്ടി പ്രവർത്തിച്ച് തുടങ്ങിയത്. 10000 മുതൽ ഒരു ലക്ഷം വരെയാണ് ഇയാൾ പൂജയ്ക്ക് ഈടാക്കുന്ന ഫീസ്. മാത്രവുമല്ല, ആളുകളെ കൊണ്ടുവന്നാൽ ഇയാൾ കമ്മീഷൻ നൽകാറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top