കൊച്ചി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുന്ന എറണാകുളം- കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ‌്പ്രസ്, ബെംഗളൂരു- എറണാകുളം റൂട്ടിൽ ട്രയൽ റൺ നടത്തി. 8 കോച്ചുകളുള്ള റേക്കാണ് ട്രയൽ റൺ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെത്തിയ ട്രെയിൻ രണ്ടരയോടെ തിരികെപ്പോയി. ഇന്ന് വൈകിട്ട് തിരികെയെത്തിക്കും.നാളെ രാവിലെ 8നാണ് ഉദ്ഘാടനച്ചടങ്ങ്. വാരാണസിയിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യുക. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ തയാറാക്കുന്ന പ്രത്യേക വേദിയിൽ തത്സമയ ചടങ്ങുകളുണ്ടാകും. ഇതിനുള്ള ഒരുക്കങ്ങൾ സൗത്തിൽ നടക്കുന്നുണ്ട്. നാളെ ഉദ്ഘാടന സ്പെഷൽ ട്രെയിനായി സൗത്തിൽ നിന്നു രാവിലെ 8നാണു പുറപ്പെടുക. തൃശൂരിൽ 9നും പാലക്കാട് ജംക്ഷനിൽ 10.50നും ഉദ്ഘാടന സ്പെഷൽ വന്ദേഭാരത് എത്തും. ബെംഗളൂരുവിലെത്തുക വൈകിട്ട് 5.50നാണ്.പതിവു സർവീസിന്റെ തീയതി, ടിക്കറ്റ് നിരക്ക് എന്നിവ വൈകാതെ റെയിൽവേ അറിയിക്കും. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളെ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന ആദ്യ സ്‌ഥിരം വന്ദേഭാരത് ട്രെയിൻ ആണിത്. കേരളത്തിന് അനുവദിച്ച മൂന്നാമത്തേതും.ബനാറസ്- ഖജുരാഹോ, ലക്‌നൗ- സഹാരൻപുർ, ഫിറോസ്‌പുർ-ഡൽഹി റൂട്ടുകളിലെ സർവീസാണ് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന മറ്റു വന്ദേഭാരത് ട്രെയിനുകൾ. എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ വിദ്യാർഥികൾ ഫ്ലാഗ്ഓഫ് ചടങ്ങിൽ പ്രസംഗം, നൃത്തം, സ്‌കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കും. 20 വിദ്യാർഥികൾക്കും 2 അധ്യാപകർക്കും ഉദ്ഘാടന വന്ദേഭാരത് ട്രെയിനിൽ എറണാകുളം മുതൽ തൃശൂർ വരെ യാത്ര ചെയ്യാനും അവസരം ലഭിച്ചു.
8 കോച്ചുകളുമായി ബെംഗളൂരു- എറണാകുളം വന്ദേഭാരതിന്റെ ട്രയൽ റൺ; ഉദ്ഘാടനം വാരണാസിയിൽ8 കോച്ചുകളുമായി ബെംഗളൂരു- എറണാകുളം വന്ദേഭാരതിന്റെ ട്രയൽ റൺ; ഉദ്ഘാടനം വാരണാസിയിൽ


