ഹിജാബ് ധരിച്ച് സ്‌കൂളിലെത്താൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ട്; സെൻറ് റീത്താസ് സ്‌കൂളിനെതിരെ സർക്കാർ സത്യവാങ്മൂലം

കൊച്ചി: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിലക്കിൽ വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. സെൻ്റ് റീത്താസ് സ്‌കൂളിൻ്റെ ഹർജിയെ എതിർത്താണ് സർക്കാരിൻ്റെ മറുപടി സത്യവാങ്മൂലം. ഹിജാബ് ധരിച്ച് സ്കൂളിൽ പ്രവേശിക്കാൻ കുട്ടിക്ക് ഭരണഘടനാ അവകാശമുണ്ടെന്നും കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സർക്കാറിന് നിയമപരമായി ഇടപെടാനാകും. ഹിജാബ് ധരിച്ചതിന് വിലക്കേർപ്പെടുത്തുന്നത് മൗലിക അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. കുട്ടിയുടെ വ്യക്തിപരമായ അന്തസ്സിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ശിരോവസ്ത്രം പോലെയുള്ള മതപരമായ വസ്ത്രധാരണത്തിന് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. സിബിഎസ്ഇ സ്കൂൾ ആണെങ്കിലും സർക്കാർ നിയമങ്ങളും ഉത്തരവുകളും പാലിക്കണം. മതത്തിന്റെയോ ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നാണ് വിദ്യാഭ്യാസ അവകാശ നിയമമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, കുട്ടിയെ സ്‌കൂളിൽനിന്ന് മാറ്റുമെന്ന് പിതാവ് ഹൈക്കോടതിയെ അറിയിച്ചു. ഉടൻ ടിസി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സെന്റ്റ് റീത്താസ് സ്‌കൂളിൻ്റെ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയെ ക്ലാസിലിരുത്തിയില്ലെന്നും വിഷയത്തിൽ സ്‌കൂളിന് വീഴ്ചയുണ്ടായെന്നും കുട്ടിയെ പുറത്തുനിർത്തിയത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയുള്ള ഡിഡിഇയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് സ്കൂളിന്റെ ഹർജിയിൽ പറയുന്നത്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിന് വകുപ്പ് നോട്ടീസ് നൽകിയിരുന്നു, എന്നാൽ ഈ നോട്ടീസ് നൽകാനുള്ള അധികാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇല്ല എന്നും അടിയന്തരമായി നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് പഴയ കോടതിവിധികളടക്കം ഉദ്ധരിച്ചുകൊണ്ടാണ് സ്‌കൂൾ മാനേജ്മെന്റ് കോടതിയെ സമീപിച്ചത്.
എന്നാൽ ഉടനടി സ്റ്റേ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെകൂടി വിശദീകരണം കേട്ടതിന് ശേഷം തുടർനടപടികൾ എടുക്കാമെന്നുമാണ് കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചത്. ശിരോവസ്ത്രം ധരിച്ച് കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പ്രിൻസിപ്പലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹർജി പരിഗണിക്കവെ മാനേജ്മെന്റ് വാദങ്ങളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top