ഭൂട്ടാൻ വാഹനക്കടത്തിൽ താരങ്ങളെ ചോദ്യം ചെയ്യും;അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ച് ഇ ഡി, ദുൽഖർ സൽമാനും അയക്കും

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ താരങ്ങളെ ചോദ്യം ചെയ്യാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നടൻ അമിത് ചക്കാലക്കലിന് നോട്ടീസ് അയച്ചു. ദുൽഖർ സൽമാന് ഉടൻ നോട്ടീസ് അയക്കും. താരങ്ങളുടെ വീടുകളിലെ റെയ്‌ഡിന് പിന്നാലെയാണ് നടപടി.
മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും കാർ ഡീലർമാരുടെ ഓഫീസ്, ദുൽഖറിൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് എന്നിവിടങ്ങളിലും ഒരേസമയം എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയിരുന്നു. തുടർന്ന് രേഖകൾ പിടച്ചെടുത്തിരുന്നു. ഭൂട്ടാൻ വാഹനക്കടത്തിൽ ‘ഓപ്പറേഷൻ നുംഖൂർ’ എന്നപേരിൽ കസ്റ്റംസ് അന്വേഷണം നടത്തിവരവെയാണ് ഇഡി അന്വേഷണവും.ഫെമ നിയമലംഘനം നടന്നെന്ന നിഗമനത്തിലായിരുന്നു ഇ ഡി പരിശോധന. വാഹനക്കടത്തുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പും ലഹരിക്കടത്തും സംശയനിഴലിലുള്ളതിനാൽ ആദായനികുതി വകുപ്പും എൻസിബിയും അന്വേഷണം നടത്തിയേക്കും. അതേസമയം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നാണ് ദുൽഖർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും താരങ്ങളുടെ വീട്ടിൽ റെയ്‌ഡ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ദുൽഖറിൻ്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുൽഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയിൽ നിന്നുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top