കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അൻഷാദിനാണ് വടിവാൾ കൊണ്ട് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അൻഷാദിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് പകൽസമയങ്ങളിലും രാത്രിസമയങ്ങളിലും സ്ഥിരമായി സമയംചെലവഴിക്കുന്നവർ ഉണ്ട്. ഇവർ പലപ്പോഴും വാക്കുതർക്കങ്ങളിലും ഏർപ്പെടാറുണ്ട്. എന്നാൽ ഇത്തവണ, വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. നാലുപേർ ചേർന്നാണ് അൻഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ അൻഷാദിൻ്റെ കൈയിലും കാലിലും കഴുത്തിൻന്റെ വശത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പോലീസ്, പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ സമാനമായ രീതിയിലുള്ള സംഘർഷങ്ങൾ ആവർത്തിക്കുന്നതിൽ പോലീസിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.