കൊല്ലം: അഞ്ചലിൽ ഇഎസ്ഐ ആശുപത്രി അടച്ച് ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി . സഹപ്രവർത്തകൻ്റെ കല്യാണത്തിന് പങ്കെടുക്കാനാണ് ആശുപത്രി അടച്ച് ഡോക്റും സംഘവും പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാർ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഒടുവിൽ ജീവനക്കാരൻ മടങ്ങിയെത്തി ആശുപത്രി തുറന്നു.
തിരുവനന്തപുരം വിളപ്പിൽശാലയിൽ ചികിത്സ വൈകിയത് വിവാദമാകുന്നതിന് ഇടയിലാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെ യാത്ര. തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ബിസ്മീറിന് ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു.ഏറെ വൈകിയാണ് ബിസ്മീറിനും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നാണ് ആരോപണം. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഡോക്ടർ വന്ന് പരിശോധിക്കുമ്പോൾ ബിസ്മീറിൻ്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിച്ചിരുന്നു. ഇതിന് പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ബിസ്മീറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞിരുന്നു.ബിസ്മീറുമായി ചെല്ലുമ്പോൾ ഡോക്ടറും നഴ്സും ഉറക്കത്തിലായിരുന്നു.
ഭർത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ എത്തിയത്. വാതിൽ തുറന്ന് ഡോക്ടർ എത്തിയപ്പോൾ ഭർത്താവ് കുഴഞ്ഞുവീണു. മരുന്ന് പോലും ഒഴിക്കാതെ ആവി പിടിക്കാൻ നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ആംബുലൻസിൽ ഒപ്പം വരാൻ ജീവനക്കാർ തയ്യാറായില്ലെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഭർത്താവിന്റെ മരണത്തിൽ ആശുപത്രി അധികൃതർ മാത്രമാണ് ഉത്തരവാദിയെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും ജാസ്മിൻ ആവശ്യപ്പെട്ടു. ചികിത്സയ്ക്കായി ആശുപത്രി വരാന്തയിൽ ഏറെ നേരെ കാത്തിരിക്കുന്ന ബിസ്മീറിൻ്റെയും ഭാര്യയുടെയും ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ഇതിൽ ശ്വാസതടസ്സംമൂലം ബുദ്ധിമുട്ടുന്ന ബിസ്മീറിനെ കാണാമായിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കൊല്ലത്ത് ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി: പ്രതിഷേധത്തിന് പിന്നാലെ മടങ്ങിയെത്തി


