ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളില്‍ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിന് കോടതി ആര്‍ബിഐയുടെ സഹായം തേടും. വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ രണ്ട് ആഴ്ച സമയം കോടതി അനുവദിച്ചു. ഐടി അതോറിറ്റി സിബിഐ അന്വേഷണത്തിന് എല്ലാ സഹായങ്ങളും
നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. തട്ടിപ്പിന്റെ വ്യാപ്തി രാജ്യത്തിന് പുറത്തേക്കും നീളുന്നതിനാല്‍ സിബിഐയ്ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാനങ്ങളില്‍ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കണം. സ്ഥാപിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കണം. മറ്റ് സ്വഭാവത്തില്‍ ഉള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ നിയന്ത്രിക്കണം എന്ന് പിന്നീട് തീരുമാനിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. കൂടാതെ, ടെലികോം സേവന ദാതാക്കള്‍ സിം കാര്‍ഡുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച്
ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനോട് ബെഞ്ച് ആവശ്യപ്പെട്ടു. മ്യൂള്‍ അക്കൗണ്ടുകള്‍
തിരിച്ചറിയുന്നതിനും നിയമവിരുദ്ധമായ വരുമാനം മരവിപ്പിക്കുന്നതിനും തട്ടിപ്പിന്റെ വ്യാപനവും കുറ്റകൃത്യങ്ങളിലൂടെയുള്ള
വരുമാനം വെളുപ്പിക്കുന്നതും തടയുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് ഉപകരണങ്ങള്‍
എന്നിവയുടെ വിന്യാസം പര്യവേക്ഷണം ചെയ്യുന്നതിന് ആര്‍ബിഐയുടെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top