കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത ജാമ്യം തേടി കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൽ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിൻ്റെ കുടുംബത്തിൻ്റെ പരാതിയിലാണ് ഷിംജിതയ്ക്കെതിരായ നടപടി. എന്നാൽ തനിക്ക് ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ഷിംജിത.
ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയിൽ


