കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലിൽ തുടരും. ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
പ്രതിക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാൽ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും. മറ്റ് വ്ളോഗർമാരും ഇത്തരം പ്രവർത്തികൾ വീണ്ടും ചെയ്യുകയും അതുവഴി കൂടുതൽ ആത്മഹത്യകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൽ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിൻ്റെ കുടുംബത്തിൻ്റെ പരാതിയിലാണ് ഷിംജിതയ്ക്കെതിരായ നടപടി. എന്നാൽ തനിക്ക് ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ഷിംജിത.
ദീപക്കിന്റെ മരണം; ഷിംജിത ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി


