കണ്ണൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; അമ്മ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന് മുബഷീറ മൊഴി നൽകിയിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിൻറെ ഭാഗത്ത് കൊണ്ടുപോയപ്പോൾ കുഞ്ഞ് വഴുതി അബദ്ധത്തിൽ കിണറ്റിൽ വീണു എന്നായിരുന്നു അമ്മ ആദ്യം നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നൽകിയത്.
തുടക്കം മുതൽ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. അതിന് പ്രധാന കാരണം കിണറിന് ഗ്രില്ലിട്ടിരുന്നു എന്നതായിരുന്നു. മാത്രവുമല്ല കിണറിൻ്റെ ഒരു ഭാഗം വലയിട്ടും മൂടുകയും ചെയ്‌തിരുന്നു. അത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെ കിണറ്റിൽ വീണു എന്നതായിരുന്നു പൊലീസിനെ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന് അമ്മ സമ്മതിച്ചത്.തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ജാബിർ-മുബഷീറ ദമ്പതികളുടെ മകൻ ആമിസ് അലനായിരുന്നു മരിച്ചത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top