മ്യൂണിക്ക്: യുവേഫ നേഷൻസ് ലീഗ് ഫൈനലിനിടെ ഗാലറിയിൽ നിന്ന് താഴേക്ക് വീണ് ആരാധകന് ദാരുണാന്ത്യം. ഞായറാഴ്ച പോർച്ചുഗലും സ്പെയിനും തമ്മിൽ നടന്ന കലാശപ്പോരിൻ്റെ എക്സ്ട്രാടൈമിലാണ് സംഭവം. മുകളിൽ നിന്ന് ആരാധകൻ താഴെയുള്ള പ്രസ്സ് ബോക്സിന് സമീപത്തേക്ക് വീഴുകയായിരുന്നു
വീഴ്ചയിൽ ആരാധകന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ആരാധകന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. യുവേഫയും മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു ടീമുകളും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
നേഷൻസ് ലീഗ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്പെയിനിനെ കീഴടക്കുന്നത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയിലായതോടെയാണ്(2-2) ഷൂട്ടൗട്ടിലേക്ക് കടന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നായകത്വത്തിൽ പോർച്ചുഗൽ നേടുന്ന മൂന്നാം കിരീടമാണിത്.