ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ചതില്‍ അണുബാധ സ്ഥിരീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദം അപകടകരമായി താഴ്ന്നത് മരണകാരണമായെന്ന് ആരോഗ്യ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഡപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യ ഡയറക്ടര്‍ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്. ഹരിപ്പാട്
താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ 15 ദിവസത്തേക്ക് അടച്ചിരുന്നു. വേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികള്‍ക്ക് ഡയാലിസിസിനുള്ള പകരം സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 29ന് 26 പേരെത്തി ഡയാലിസിസ് ചെയ്തിരുന്നു. ഇതില്‍ ആറ് പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി. ഇതില്‍ മൂന്ന് പേരെ വിദഗ്ദ ചികിത്സക്ക് വിധേയനാക്കി. രാമചന്ദ്രന്‍, മജീദ് എന്നിവര്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അണുബാധയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഡിഎംഒയുടെ റിപ്പോര്‍ട്ട്.
അണുബാധയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിദഗ്ദ സംഘത്തിന്റെ പരിശോധന. ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലും ആര്‍ ഓ വാട്ടര്‍ പ്ലാന്റിലും പരിശോധന നടത്തി. വെള്ളത്തില്‍ നിന്ന് അണുബാധയേറ്റതായുള്ള സംശയമാണ് വിദഗ്ദ സംഘത്തിനുള്ളത്. ഇതോടെ ആര്‍ ഓ വാട്ടര്‍ പ്ലാന്റിലെ വെള്ളം രാസപരിശോധനക്ക് അയച്ചു. കള്‍ച്ചറല്‍ ടെസ്റ്റ്, എന്‍ഡോടോക്‌സിന് എന്നീ പരിശോധനകളിലൂടെ ബാക്ടീരയിയുടെ സാന്നിധ്യം കണ്ടെത്താനാവും. ഡയാലിസിസിന് മുമ്പ് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ സാമ്പിളും പരിശോധനായ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top