
കൽപറ്റ വയനാട് കമ്പളക്കാട് ടൗണിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിനു മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ കെട്ടിടനിർമാണത്തിന് തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് മൃതദേഹമെന്നാണ് സംശയം. എന്നാൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ജോലിക്കു നിൽക്കുന്ന തൊഴിലാളികൾ അല്ലെന്ന് കെട്ടിട ഉടമ ഉണ്ണിമോയിൻ പറഞ്ഞു.കമ്പളക്കാട് പള്ളിക്കുന്ന് റോഡിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. കാലുകൾ വയർ ഉപയോഗിച്ച് ഫില്ലർ നിർമിക്കാനുള്ള കമ്പിയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം. അൽപം മാറി കറുത്ത നിറത്തിലുള്ള ഒരു ബാഗും പെട്രോൾ കൊണ്ടുവന്നതായി സംശയിക്കുന്ന പ്ലാസിക് കുപ്പിയും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിദഗ്‌ധരടക്കം സ്‌ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.



