തിരുവനന്തപുരം: കമലേശ്വരത്ത് സയനേഡ് കഴിച്ച് അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്രതിയായ ഉണ്ണിക്കൃഷ്‌ണൻ്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളാണ് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. ഉണ്ണികൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നു, ആൺകൂട്ടായ്‌മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്‌ണൻ താൽപര്യം കാണിച്ചിരുന്നത്. ഇതിന്റെ തെളിവുകൾ ഉണ്ണികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധനയിൽ ലഭിച്ചതായും പൊലീസ് പറഞ്ഞു. 2019 ൽ ആയിരുന്നു ഗ്രീമയുടേയും ഉണ്ണികൃഷ്‌ണൻ്റേയും വിവാഹം. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ഒരു ദിവസം മാത്രം. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണനയാണ് മരണ കാരണം എന്ന് ഗ്രീമയുടെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ആൺ സുഹൃത്തുക്കൾക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാൻ ഭർത്താവ് ഉണ്ണികൃഷ്ണൻ ശ്രമിച്ചതിൻ്റെ കാരണമെന്ന് ബന്ധുക്കളും ആരോപിക്കുന്നു. പി.എച്ച്.ഡി നേടാനായി പരീക്ഷയിൽ ശ്രദ്ധിക്കാൻ കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ഉണ്ണികൃഷ്ണൻ ബോധപൂർവം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും ആൺ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
ഭർത്താവിനൊപ്പം വിദേശത്ത് കഴിയാൻ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിനു പിന്നാലെ പാസ്പോർട്ട് എടുത്ത് തയ്യാറായിരുന്നു. ഭാര്യാപിതാവിൻ്റെ മരണവിവരം അറിഞ്ഞിട്ടും വിളിക്കാനുള്ള മനസ് പോലും ഉണ്ണിക്കൃഷ്ണൻ കാണിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിവാഹ സമയത്ത് 200 പവൻ ആഭരണങ്ങളും വീടും പുരയിടവുമെല്ലാം ഗ്രീമയ്ക്ക് നൽകിയിരുന്നു. ഗ്രീമയുടെ പിതാവ് ഒരു വർഷം മുമ്പാണ് മരിച്ചത്.
അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നിർണായക വഴിത്തിരിവ്; ഉണ്ണിക്കൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട്; പല ഗ്രൂപ്പുകളിലും അംഗം


