കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുന്നത്. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ. 2020 ഫെബ്രുവരിയിലാണ് ശരണ്യ തൻ്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടൽത്തീരത്തെ ഭിത്തിയിൽ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവിൽ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്നായിരുന്നു ശരണ്യ പൊലീസിന് നൽകിയ മൊഴി. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. അഞ്ച് വർഷങ്ങൾക്കുശേഷം 2025 ജനുവരിയിൽ ശരണ്യ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിരുന്നു.
കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്


