ചികിത്സാപിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നിക്കെട്ടി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടർക്ക് ഗുരുതര പിഴവ് പറ്റിയെന്നാണ് ആരോപണം. ആറ് മാസമായി വിതുര സ്വദേശിനി കടുത്ത ദുരിതത്തിലാണ്.
പ്രസവ ശേഷം 23-കാരിക്ക് മലവിസർജനത്തിന് തടസമുണ്ട്. യോനിയിലൂടെയാണ് മലം പോകുന്നത്. മലം പോകാതെ വയറ്റിൽ കെട്ടിക്കിടന്ന് അണുബാധയുണ്ടായി. ചികിത്സാ പിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നി കെട്ടിയെന്നും ആരോപണമുണ്ട്. പ്രസവത്തെത്തുടർന്ന് എപ്പിസിയോട്ടമി ഇട്ടതിൽ ഡോക്ടർന്ന് കൈപ്പിഴവുണ്ടായെന്നാണ് ആരോപണം. പ്രസവസമയത്ത് കുഞ്ഞിന് എളുപ്പത്തിൽ പുറത്തുവരാനായി യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് ഡോക്ടർ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയാ മുറിവാണ് എപ്പിസിയോട്ടമി. മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് സ്‌കാനിംഗിൽ കണ്ടെത്തി.പിഴവ് മറച്ചു വെച്ച ഡോക്ടർ മുറിവ് തുന്നി കെട്ടി പ്രസവം പൂർത്തിയാക്കി വാർഡിലേക്ക് മാറ്റിയെന്നും പരാതിയുണ്ട്. മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സർജറിയും ചെയ്‌തു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ചെയ്യണം. ഇതുവരെ ആറ് ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായെന്നും കുടുംബം പറയുന്നു.വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. വണ്ടിയിൽ ഇരുന്ന് യാത്ര ചെയ്‌തതാണ്‌ ഞരമ്പ് മുറിയാൻ കാരണമെന്നാണ് പ്രസവം നടത്തിയ ഡോക്ടർ നൽകുന്ന വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top