ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 2023ൽ സോഫ്റ്റ് ലാന്റിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് 370 കോടി വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ‘ശിവശക്തി പോയിന്റ്’ എന്നറിയപ്പെടുന്ന പ്രദേശത്തിനാണ് ഇത്രയും പഴക്കമുണ്ടെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് സെന്റർ, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാല എന്നിവയിലെ ശാസ്ത്രജ്ഞർ ചേർന്ന് റെസല്യൂഷൻ റിമോട്ട് സെൻസിങ് ഡാറ്റാസെറ്റുകൾ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ‘ശിവശക്തി പോയിന്റി’ന്റെ കാലപ്പഴക്കം നിർണയിച്ചത്.