വാട്‌സാപ്പിന് സിം കാർഡ് നിർബന്ധമാക്കിയെന്ന് കേന്ദ്രം, ലക്ഷ്യം ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾ തടയുന്നതിന്

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് വാട്‌സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് സിം കാർഡ് നിർബന്ധമാക്കാൻ നിർദേശിച്ചതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർചെയ്‌ത കേസിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്.ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങളിൽ മുഖ്യ ഉപാധിയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത് വാട്‌സാപ്പാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഫോണിൽ ലഭ്യമാകാൻ സിം നിർബന്ധമാക്കുന്നതിലൂടെ പ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. സിം കാർഡുകൾ നൽകുമ്പോൾ ബയോമെട്രിക് വേരിഫിക്കേഷൻ ഉൾപ്പെടെ കർശന പരിശോധനകൾ നടത്തുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കുന്നതും അന്തിമഘട്ടത്തിലാണ്.2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ 52,000 കോടിയിലേറെ രൂപയുടെ ഡിജിറ്റൽ തട്ടിപ്പാണ് രാജ്യത്ത് നടന്നതെന്നാണ് കണക്കുകൾ. റിസർവ് ബാങ്ക്, ടെലികോം വകുപ്പ് തുടങ്ങിയവരുമായി ആലോചിച്ച് ഇത്തരം തട്ടിപ്പുകൾ തടയാനുള്ള നടപടിക്രമങ്ങൾ (എസ്.ഒ.പി.) തയ്യാറാക്കാൻ കേന്ദ്രത്തോട് കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
വലിയതുകയുടെ ഇടപാടുകൾ അസ്വാഭാവികമായി പിൻവലിക്കുമ്പോൾ അക്കൗണ്ട് ഉടമയെ വിവരമറിയിക്കാനുള്ള സംവിധാനം ബാങ്കുകൾക്ക് വേണമെന്നും കോടതി നിർദേശിച്ചു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രാലയം ഈ വിഷയത്തിൽ ഉന്നതാധികാരസമിതിയുണ്ടാക്കിയിരുന്നു.
ആഭ്യന്തരമന്ത്രാലയത്തിലെ (ആഭ്യന്തരസുരക്ഷ) സ്പെഷ്യൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ ആദ്യയോഗം ഡിസംബർ 29-ന് നടന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top