കടംവീട്ടാൻ സമ്മാനകൂപ്പണടിച്ച് നറുക്കെടുപ്പിന് നീക്കം; 1-ാം സമ്മാനം വീടും ഭൂമിയും; കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

കണ്ണൂർ: ബാധ്യത തീർക്കാൻ കൂപ്പൺ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്. കണ്ണൂർ കേളകത്താണ് സംഭവം. ലോട്ടറി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 1,500 രൂപയാണ് ഒരു കൂപ്പണിന്റെ നിരക്ക്. ഈ കൂപ്പൺ നറുക്കെടുപ്പിനിടും. 3,300 സ്ക്വയർഫീറ്റ് വീടും ഭൂമിയും സമ്മാനമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
26 സെന്റിൽ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്‌ഡ് ഥാർ, മൂന്നാം സമ്മാനമായി കാർ, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു. നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്ന ദിനം കൂപ്പൺ വിൽപ്പന തീരാത്തതിനാൽ 80 ശതമാനം വിൽപ്പന പൂർത്തീകരിച്ചുകഴിഞ്ഞാൽ ഉടൻ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 10,000 കൂപ്പൺ ബെന്നി അച്ചടിച്ചിരുന്നു. ഡിസംബർ 20 ന് നറുക്കെടുപ്പ് നടത്താമെന്നായിരുന്നു തീരുമാനം. അതിനിടെ തലേദിവസം ബെന്നിക്കെതിരെ കേസെടുക്കുകയായിരുന്നു.ലോട്ടറി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെന്നിക്കെതിരെ കേസെടുത്തത്. കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു. നിശ്ചയിച്ച ദിവസം നറുക്കെടുപ്പ് നടത്താതിരുന്നതോടെ പണംകൊടുത്ത് കൂപ്പൺ വാങ്ങിയവർ പരാതിയുമായെത്തി. നറുക്കെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ പ്രദേശത്തെ ഓഡിറ്റോറിയത്തിൽ ഒരുക്കിയിരുന്നുവെന്നാണ് ബെന്നി പറയുന്നത്.
അതിനിടെയാണ് പൊലീസ് കേസെടുത്തത്. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തി ഇതുമായി ബന്ധപ്പെട്ട സാധനങ്ങൾ പിടിച്ചെടുക്കുകയും വീട് കണ്ടുകെട്ടുകയും ചെയ്തു.2025 മാർച്ചിലാണ് ഇതിൻ്റെ നടപടികൾ ആരംഭിക്കുന്നത്. അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നുവെന്നും ബെന്നി പറഞ്ഞു. തന്റെ അവസ്ഥ കണ്ട് അന്ന് നാട്ടുകാർ പിന്തുണച്ചിരുന്നുവെന്നും ബെന്നി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top