കാസർകോട്: കാസർകോട്-കാഞ്ഞങ്ങാട് കെഎസ്‌ടിപി റോഡിലെ മേൽപ്പറമ്പ് കട്ടക്കാലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശിയും കളനാട്, ഇടവുങ്കാൽ വി.ബി വില്ലയിൽ താമസക്കാരനുമായ വി.എസ് വിനീഷ് എന്ന അപ്പു (23)വാണ് ബുധനാഴ്‌ച പുലർച്ചെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ ജോലി ചെയ്‌തു വരികയായിരുന്നു. ഒക്ടോബർ 16ന് രാവിലെ ഉണ്ടായ വാഹനാപകടത്തിലാണ് വിനീഷിന് പരിക്കേറ്റത്. കളനാട് ഭാഗത്തു നിന്നു മേൽപ്പറമ്പ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിനീഷ്. ഈ സമയത്ത് കൈനോത്ത് ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡിൽ നിന്നു കയറി വന്ന സ്‌കൂട്ടർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വിനീഷ് റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയത്ത് എത്തിയ കെഎസ്‌ആർടിസി ബസ് ദേഹത്തു കയറി ഗുരുതരമായി പരിക്കേറ്റുവെന്നും മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു.
വിനീഷ് മരണപ്പെട്ട വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസും ബന്ധുക്കളും മംഗ്ളൂരുവിലേക്ക് പോയിട്ടുണ്ട്.
വിനോദ് കുമാർ-ശശികല ദമ്പതികളുടെ മകനാണ് വിനീഷ്. സഹോദരങ്ങൾ: വിജിത്ത്, കൃഷ്‌ണപ്രിയ.
മേൽപ്പറമ്പ്, കട്ടക്കാലിലെ വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശി മരിച്ചു


