പ്രായവ്യത്യാസമില്ലാതെ വിവിധ ആളുകൾക്ക് കാൻസർ ബാധ ഉണ്ടാവാറുണ്ട്. എങ്കിലും മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ കാൻസർ ബാധ പൊതുവെ അപൂർവമാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഏത് പ്രായത്തിൽ ഉള്ളവരുടെയും കാൻസർ രോഗം ചികിത്സിച്ച് മാറ്റാൻ സാധിക്കും. ആഗോളതലത്തിൽ കാൻസർ കേസുകളിൽ ഏകദേശം 3% മാത്രമാണ് കുട്ടികളിൽ ഉള്ള കാൻസർ.
കുട്ടികളിൽ ഉണ്ടാവുന്ന ചില രോഗ ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങൾ ആയേക്കാമെന്നാണ് നിയോനാറ്റോളജി ആൻഡ് പീഡിയാട്രിക്സ് വിദഗ്ധനായ ഡോ. കുശാൽ അഗർവാൾ പറയുന്നത്. കുട്ടികളിലെ കാൻസർ രോഗം എളുപ്പത്തിൽ തിരിച്ചറിയാവുന്നതിനുള്ള ഏഴ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- കുട്ടികളിൽ ഉണ്ടാവുന്ന തുടർച്ചയായ പനിയോ അണുബാധയോ കാൻസറിനുള്ള ലക്ഷണങ്ങളിൽ ഒന്നാണ്. സാധാരണ ചികിത്സകളോട് കൃത്യമായി പ്രതികരിക്കാതിരിക്കുകയും തുടർച്ചയായ പനി, ആവർത്തിച്ചുള്ള അണുബാധകൾ, വർദ്ധിച്ചുവരുന്ന ക്ഷീണം എന്നിവ കുട്ടികളിൽ കാണിക്കുകയാണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്
- കുട്ടികളുടെ ശരീരത്തിൽ പലപ്പോഴും കളികൾക്കിടയിൽ ചതവുകൾ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവോ, ചെറിയ ചുവപ്പ്/പർപ്പിൾ പാടുകൾ (പെറ്റീഷ്യ) എന്നിവ കാൻസർ ലക്ഷണങ്ങൾ ആവാനുള്ള സാധ്യതയുണ്ട്. സ്ഥിരമായി കുഞ്ഞുങ്ങൾക്കുണ്ടാവുന്ന വിളർച്ചയും കാൻസറിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
- കുട്ടികളുടെ ശരീരത്തിൽ പ്രത്യേകിച്ച് വയറ്, കഴുത്ത്, നെഞ്ച്, കക്ഷം എന്നിവിടങ്ങളിൽ എന്തെങ്കിലും മുഴയോ വീക്കമോ ഉണ്ടാവുകയും അത് തുടരുകതയുമാണെങ്കിൽ വൈദ്യസഹായം തേടണം. ഈ മുഴകൾക്ക് വേദന തോന്നുന്നില്ലെങ്കിൽ അടിയന്തരമായി തന്നെ വൈദ്യസഹായം തേടേണ്ടതാണ്. വയറിലെ മുഴകൾ വിൽംസ് ട്യൂമർ അല്ലെങ്കിൽ ന്യൂറോബ്ലാസ്റ്റോമ പോലുള്ള രോഗമാവാനുള്ള സാധ്യയുണ്ട്.
- കുട്ടികൾക്ക് പലപ്പോഴും വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായി ഒരുഭാഗത്ത് വേദന അനുഭവപ്പെടുന്നതായി കുട്ടികൾ പരാതി പറഞ്ഞാൽ അത് ശ്രദ്ധിക്കണം, പ്രത്യേകിച്ച് കാലുകളിലോ കൈകളിലോ ആണ് ഈ വേദന അനുഭവപ്പെടുന്നത്. ഇത്തരം വേദനകൾ ഓസ്റ്റിയോസാർകോമ, എവിംഗ് സാർകോമ തുടങ്ങിയ രോഗവസ്ഥയാവാനുള്ള സാധ്യതയുമുണ്ട്.
- രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത തലവേദനയും ഛർദ്ദിയും ഉണ്ടാവുന്നതും കാൻസറിന്റെ ലക്ഷണങ്ങളാവും. കാഴ്ച്ചയിൽ പെട്ടന്ന് മാറ്റങ്ങൾ ഉണ്ടാവുന്നതും ബലഹീനതയും ബാലൻസ് പ്രശ്നങ്ങളും കൂടി ഉണ്ടെങ്കിൽ അടിയന്തിരമായി വൈദ്യസഹായം തേടണം.
- അപ്രതീക്ഷിതമായി കാഴ്ച്ച നഷ്ടപ്പെടുക, കണ്ണുകൾ വീർക്കുക, തുടങ്ങിയവ റെറ്റിനോബ്ലാസ്റ്റോമ എന്ന കാൻസറിന്റെ ലക്ഷണങ്ങൾ ആവാനുള്ള സാധ്യതയുണ്ട്.
- അപ്രതീക്ഷിതമായി കുട്ടികളുടെ ശരീരഭാരം കുറയുകയും, ഭക്ഷണം കഴിക്കാൻ സ്ഥിരമായി വിസമ്മതിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രാത്രിയിൽ വിയർക്കൽ, ശരീരഭാരം കുറയൽ തുടങ്ങിയലക്ഷണങ്ങൾ ലിംഫോമയോ അല്ലെങ്കിൽ മറ്റ് രോഗങ്ങളുടെയോ സൂചനകൾ ആവാം.