കാസർകോട്: സ്വകാര്യ ബസ്സിലെ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലും പ്രതികളെ ഹർത്ത് ചെയ്യാത്തതിലും പ്രതിഷേധിച്ച് തൃക്കരിപ്പൂർ റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക് നടത്തുമെന്ന് ജീവനക്കാർ അറിയിച്ചു. കഴിഞ്ഞദിവസം പയ്യന്നൂർ -ചെറുവത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബാവാസ് ബസ്സിലെ ഡ്രൈവർ പെരുമ്പട്ട സ്വദേശി റുവൈസിനും കണ്ടക്ടർ തടിയൻകൊവ്വൽ സ്വദേശി അഭിനന്ദിനും മർദ്ദനമേറ്റിരുന്നു. ശനിയാഴ്‌ച രാത്രി തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് സംഭവം. കാറിലെത്തിയ സംഘം ബസ്സിന് കുറുകെയിട്ട് ജീവനക്കാരെ പിടിച്ചിറക്കി മർദ്ദിച്ചു എന്നാണ് കേസ്. ബീരിച്ചേരി റെയിൽവേ ഗേറ്റിനു സമീപം ബസ് കാറിന് ഉരസി എന്ന് ആരോപിച്ചാണ് സംഘം ബസ് ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയത്. ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂട്ടിയിട്ടില്ല. കയ്യേറ്റം ചെയ്‌ത പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് അമാന്തം കാണിക്കുന്നുവെന്ന് ജീവനക്കാർ ആരോപിച്ചു.
സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനം; തൃക്കരിപ്പൂർ റൂട്ടിൽ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കു നടത്തും


