ബ്രസീൽ: ശക്തമായ കൊടുങ്കാറ്റിൽ 40 മീറ്റർ ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി പ്രതിമ തകർന്നുവീണു. ന്യൂയോർക്കിലെ പ്രതിമയല്ല, ബ്രസീലിയൻ നഗരമായ ഗുവൈബിയിലുള്ള സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പകർപ്പാണ് തകർന്നുവീണത്. വീഴ്ചയുടെ ആഘാതത്തിൽ പ്രതിമയുടെ തല ചിന്നിച്ചിതറി. നഗരത്തിലെ തിരക്കേറിയ റോഡിലാണ് പ്രതിമ വീണതെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്. ഒരു ഭാഗത്തേക്ക് പ്രതിമ ചരിയുന്നതും പിന്നാലെ നിലംപൊത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ശക്തമായ കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഏകദേശം 40 മീറ്റർ ഉയരമുള്ള പകർപ്പ് തകർന്നുവീഴുകയായിരുന്നു. പ്രതിമയുടെ മുകൾ ഭാഗം മാത്രമാണ് തകർന്നതെന്നും ബാക്കി ഭാഗത്തിന് കേടുപാടുകളില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. 2020ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്. പ്രദേശത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായി കാലാവസ്ഥാ കേന്ദ്രം പറയുന്നു. ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ മാറ്റത്തിനപ്പുറം മറ്റെന്തെങ്കിലും കാരണങ്ങൾ പ്രതിമയുടെ തകർച്ചയ്ക്ക് പിന്നിലുണ്ടോയെന്ന് പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.
കൊടുങ്കാറ്റിൽ നിലം പൊത്തി ബ്രസീലിലെ ‘സ്റ്റാച്യൂ ഓഫ് ലിബർട്ടി’; 40അടി ഉയരമുള്ള പ്രതിമ ചിന്നിച്ചിതറി


