കൊട്ടിയൂർ: കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ ചിത്താരി സ്വദേശിയായ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയിൽ നിന്നും ചിത്താരി ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിൻ്റെ (23) മൃതദേഹം കണ്ടെത്തിയത്. തീർത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയിൽ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ചൊവ്വാഴ്ച കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് പുഴയിൽ നിന്നും മൃതദേഹം കരക്കെത്തിച്ചു. പേരാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തും. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.