ആക്സിയോം-4 (Ax-4) വിക്ഷേപണ ദിവസത്തെ പ്രവർത്തനങ്ങളുടെ ‘ഫുൾ ഡ്രസ് റിഹേഴ്സൽ’ പൂർത്തിയാക്കി ബഹിരാകാശ സഞ്ചാരികൾ. ഇന്ത്യൻ സഞ്ചാരി ശുഭാൻഷു ശുക്ല അടക്കമുള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന ദൗത്യമാണ് ആക്സിയോം-4. ഇവർ സഞ്ചരിക്കുന്ന ഡ്രാഗൺ പേടകം വഹിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിൻ്റെ നിർണായകമായ സ്റ്റാറ്റിക് ഫയർ ടെസ്റ്റ് ഉൾപ്പെടെയുള്ളവയാണ് പൂർത്തിയാക്കിയത്.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ജൂൺ 10 ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.55-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കൃത്യമായ വിക്ഷേപണം ഉറപ്പാക്കാൻ റോക്കറ്റിന്റെ പാതയിലെ കാലാവസ്ഥാ സാഹചര്യങ്ങളടക്കം നിരീക്ഷിച്ച് വിവരങ്ങൾ വിലയിരുത്തുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്
നാല് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്രയിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന Ax-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുക്ല. അമേരിക്കയിൽ നിന്നുള്ള മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു, പോളണ്ടിൽ നിന്നുള്ള സ്ലോാഷ് ഉസാൻസ്കി-വിസ്നിയേവ്സ്കി എന്നിവരാണ് സഹയാത്രികർ. 1984-ൽ റഷ്യൻ സോയൂസ് ടി-11ൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ വിങ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് ശേഷം 41 വർഷം കഴിഞ്ഞാണ് ഈ ദൗത്യം പറന്നുയരുന്നത്.
പുതുതായി വികസിപ്പിച്ചെടുത്ത സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാവും സംഘം യാത്രതിരിക്കുക. ഫാൽക്കൺ 9 റോക്കറ്റിന് മുകളിലാണ് പേടകം ഘടിപ്പിക്കുന്നത്. ആദ്യ യാത്രയ്ക്ക് മുന്നോടിയായി ലോഞ്ച് പാഡിലെ ഹാങ്ങറിൽ പേടകം കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ആക്സസിയോമിൻ്റെ നാലാമത്തെ സ്വകാര്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണിത്. ജൂൺ 8-ന് നടത്താനിരുന്ന വിക്ഷേപണം മികച്ച രീതിയിൽ തയ്യാറെടുപ്പിനുവേണ്ടി പിന്നീട് രണ്ട് ദിവസം വൈകിപ്പിച്ചു. ഏകദേശം 28 മണിക്കൂർ യാത്രയ്ക്ക് ശേഷം ജൂൺ 11 ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം പത്തോടെ (12:30 PM EDT) ഡ്രാഗൺ കാപ്സ്യൂൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ Ax-4 സംഘം മനുഷ്യൻ്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തും. ഈ ഗവേഷണങ്ങളിൽ 31 രാജ്യങ്ങൾ സഹകരിക്കും. ഇന്നുവരെ നടന്നതിൽവെച്ച് ഏറ്റവും പ്രാധാന്യമുള്ള വാണിജ്യ ബഹിരാകാശ ദൗത്യങ്ങളിലൊന്നായി ഇതിനെ മാറ്റുന്നത് ഇത് അടക്കമുള്ളവയാണ്. ഇന്ത്യയ്ക്ക് പുറമെ ലോകരാജ്യങ്ങളെല്ലാം Ax-4 ദൗത്യം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.