
കാസർകോട്: റോഡരുകിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ സ്‌കൂട്ടറിൽ കയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുവാൻ ശ്രമം. അക്രമിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വിദ്യാർത്ഥി രക്ഷപ്പെട്ടു. സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്നു 16
വയസ്സുള്ള ആൺകുട്ടി. ഇതിനിടയിൽ ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിൽ എത്തിയ ഒരാൾ ഒരു ക്ലബ്ബിലേയ്ക്കുള്ള വഴി ചോദിച്ചു.
വഴി പറഞ്ഞു കൊടുത്തുവെങ്കിലും യുവാവ് തൃപ്‌തനായില്ല. തുടർന്ന് വിദ്യാർത്ഥിയെ സ്‌കൂട്ടറിൽ
കയറ്റികൊണ്ടുപോവുകയും വിജനമായ സ്ഥലത്തെ അടച്ചിട്ട ഒരു വീട്ടിൽ എത്തിക്കുകയും ബലം പ്രയോഗിച്ച് അകത്തു പൂട്ടിയിടുകയും ചെയ്തു. തുടർന്ന് യുവാവ് ആരോടോ ഫോണിൽ സംസാരിച്ചു. വാതിൽ തുറന്ന് അകത്തു കടന്ന അക്രമി വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ വിദ്യാർത്ഥി സ്ഥലത്ത് ഉണ്ടായിരുന്ന ഹെൽമറ്റ് എടുത്ത് അക്രമിയുടെ തലയ്ക്ക് അടിച്ചു വീഴ്ത്തി പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ അക്രമി സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വിദ്യാർത്ഥി വീട്ടിലെത്തി വിവരം പറയുകയും മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അക്രമിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂട്ടർ കടന്നുപോയ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ അക്രമിയെ കണ്ടെത്താൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് പൊലീസ്.



