പാലക്കാട് അട്ടപ്പാടി വനത്തിൽ കടുവ സെൻസസിനു പോയ വനം ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വാച്ചർ കാളിമുത്തുവാണ് (52) മരിച്ചത്. അഗളി നെല്ലിപ്പതി ഉന്നതിയിലാണ് വീട്. ഇന്നലെ രാവിലെ 2 സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. തിരികെ വരുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ.കാളിമുത്തുവിനെ കാണുന്നില്ലെന്ന് കൂടെയുള്ള ഉദ്യോഗസ്ഥർ വനംവകുപ്പിൽ അറിയിച്ചതിനു പിന്നാലെയാണ് തിരച്ചിൽ ആരംഭിച്ചത്. മുള്ളി വനം മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാന ആക്രമണമുള്ള സ്‌ഥലമാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പുതൂർ റേഞ്ചിൽ 5 അംഗ വനംവകുപ്പ് സംഘം കടുവാ സെൻസസിനിടെ കാട്ടിൽ കുടുങ്ങിയിരുന്നു. വഴിതെറ്റിയ ഇവരെ 18 മണിക്കൂറിനുശേഷമാണ് തിരികെയെത്തിച്ചത്. “ആന പെട്ടെന്നു ഞങ്ങളുടെ മുന്നിൽ വന്നു. മൂന്നുപേരും ഒരേ വഴിക്കാണ് ആദ്യം ഓടിയത്. പിന്നീട് മൂന്നു വഴിക്കായി. അപ്പോഴാണ് കാളിമുത്തു ആനയുടെ മുന്നിൽപ്പെട്ടത്”- ഒപ്പമുണ്ടായിരുന്ന വാച്ചർ അച്യുതൻ പറഞ്ഞു. അച്യുതന് തലയ്ക്കും കൈയ്ക്കും പരുക്കുണ്ട്.
അട്ടപ്പാടി വനത്തിൽ കാട്ടാന ആക്രമണം; കടുവ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു


