ചെറുതോണി (ഇടുക്കി): ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച യുവാവിനെ ഇടുക്കി സൈബർ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം ജില്ലയിലെ ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്കാര ചടങ്ങിൻ്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി അഭിപ്രായപ്രകടനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റിലായത്.
ഇടുക്കി സ്വദേശി നൽകിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഡിസിആർബി ഡിവൈഎസ്പി കെ.ആർ. ബിജുവിൻ്റെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എ. സുരേഷും സംഘവുമാണ് മലപ്പുറത്തുനിന്ന് അറസ്റ്റുചെയ്തത്. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.