ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ നിർമാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിൽ പറയുന്നു. അശോക ബിൽഡ്കോൺ കമ്പനിക്കെതിരെയാണ് അരൂർ പൊലീസ് കേസെടുത്തത്. അപകടത്തിൽ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റേതാണ് കുടുംബത്തിന്റെ്റെ ഏക വരുമാനമെന്ന് പിതാവ് പ്രതികരിച്ചു. ഇന്നലെ അവസാനമായി അങ്കമാലിയിൽ എത്തിയപ്പോൾ ആണ് വിളിച്ചതെന്നും പിന്നീട് ഫോണിൽ കിട്ടിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു. മരണ വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മകളുടെ അസുഖവുമായി പലപ്പോഴും ആശുപത്രിയിൽ ആയിരുന്നെന്നും പിതാവ് കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ പോയി മുട്ട എടുത്ത് വിൽപ്പന കഴിഞ്ഞാൽ പിന്നെ ഓട്ടോറിക്ഷ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ പാത അതോറിറ്റിയുടെ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് രാജേഷ് ഓടിച്ച വാഹനത്തിൻ്റെ ഉടമ ബിജു വർഗീസ് പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആശ്രിതർക്ക് ജോലി നൽകണമെന്നും ബിജു വർഗീസ് കൂട്ടിച്ചേർത്തു. രാത്രി ഒൻപത് മണിക്ക് എറണാകുളത്ത് ലോഡ് ഇറക്കിയപ്പോൾ ആണ് അവസാനമായി വിളിച്ചതെന്നും കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ് മരിച്ചതെന്നും ബിജു വർഗീസ് പറഞ്ഞു.
അതേസമയം തുറവൂരിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. രണ്ട് ലക്ഷം രൂപ കരാർ കമ്പനി ഇന്ന് കൈമാറും. ബാക്കിത്തുക പിന്നീട് കൈമാറുമെന്നാണ് വിവരം. സിഎംഡിആർഎഫിൽ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാകളക്ടർ അറിയിച്ചു. ഇന്ന് പുലർച്ച മൂന്ന് മണിയോടെയാണ് ചന്തിരൂർ ഭാഗത്ത് ഗർഡർ വീണ് അപകടം ഉണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗർഡറുകൾ വീഴുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിൻ്റെ മൃതദേഹം പുറത്തെടുത്തത്.
അരൂർ അപകടം: നിർമാണ കമ്പനിക്കെതിരെ കേസ്, കുടുംബത്തിൻ്റെ ഏക വരുമാനമാണ് രാജേഷെന്ന് പിതാവ്


