കാസർകോട്: ആർമി റിക്രൂട്ട്മെൻ്റ് റാലി ജനുവരി ആറുമുതൽ 12 വരെ കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴു ജില്ലകളിലേയും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഉദ്യോഗാർത്ഥികൾ റാലിയിൽ അണിനിരക്കും. റാലിയുടെ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. താമസസൗകര്യം, കണക്ടിവിറ്റി, മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്കും കാസർകോട് നഗരസഭാ സെക്രട്ടറിക്കും കളക്ടർ നിർദ്ദേശം നൽകി. കോഴിക്കോട് ആർമി അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് ഓഫീസർ സുബേദാർ മേജർ സഞ്ജീവ് സുബ്ബ, എഡിഎം പി അഖിൽ, കാസർകോട് എ എസ് പി സിഎം ദേവദാസൻ എന്നിവർ സംസാരിച്ചു. ജനുവരി ആറിന് രാവിലെ മൂന്നു മണിക്ക് റാലി ആരംഭിക്കും. ഓൺലൈൻ പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് റാലിയിൽ പങ്കെടുപ്പിക്കുന്നത്.
ആർമി റിക്രൂട്ട്മെൻ്റ് റാലി; ജനുവരി ആറുമുതൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ


