കാസർകോട്: നീലേശ്വരം മടിക്കൈ, ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ ഡൽഹിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പിലോട്ട്, കുണ്ടുവളപ്പിൽ വീട്ടിൽ കെ വി നിഷാന്ത് (32)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.പോസ്റ്റുമോർട്ടത്തിനു ശേഷം മംഗ്ളൂരുവിമാനത്താവളം വഴി തിങ്കളാഴ്ച രാത്രി 10 മണിക്ക് എത്തിക്കുന്ന മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
ചൊവ്വാഴ്ച രാവിലെ 9ന് മടിക്കൈ, അമ്പലത്തുകര, വായനശാലാ പരിസരത്തും 9.30ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിനു സമീപത്തും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ആദ്യ കൺമണിയുടെ നൂൽ കെട്ട് കഴിഞ്ഞ് ജനുവരി 30ന് ആണ് നിഷാന്ത് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.
നാരായണൻ- ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ(ബേഡകം). സഹോദരി: നിഷ.
ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ ഡൽഹിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ


