
കാസർകോട്: കുമ്പള, അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ പ്ലൈവുഡ് ഫാക്ടറിയിൽ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ പൊട്ടിത്തെറിയെ കുറിച്ച് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊട്ടിത്തെറി നടന്ന ഡെക്കോർ പാനൽ പ്ലൈവുഡ് ഫാക്ടറിയുടെ മാനേജർ കെ ജെ ജിൻ്റോയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ വിദഗ്ദ്ധസംഘത്തിൻ്റെ അന്വേഷണത്തിനു ജില്ലാ കലക്ടറും ഉത്തരവിട്ടിട്ടുണ്ട്. എറണാകുളത്തു നിന്നുള്ള സംഘം ഉടൻ അനന്തപുരത്തെത്തും. അതേസമയം ജില്ലാ പൊലീസ് ചീഫിൻ്റെ കീഴിലുള്ള ബോംബ് സ്ക്വാഡ് ചൊവ്വാഴ്ച രാവിലെ അനന്തപുരത്തെത്തി അപകടം നടന്ന ഫാക്ടറിയിൽ പരിശോധന തുടങ്ങി. ആരോഗ്യ വകുപ്പ് അധികൃതരും പരിശോധന ആരംഭിച്ചിട്ടുണ്ട്. ആൾക്കാർ ഫാക്ടറിക്ക് അകത്തേയ്ക്ക് പോകാതിരിക്കാൻ കവാടത്തിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ആൾക്കാർ കവാടത്തിനു മുന്നിലും പരിസരത്തും തടിച്ചു കൂടിയിട്ടുണ്ട്.
അപകടത്തിൽ ആസാം സ്വദേശിയും ഫാക്ടറിയിലെ തൊഴിലാളിയുമായ നജീറുൽ അലി (21) മരണപ്പെട്ടു. ഇയാളുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നു സഹതൊഴിലാളികൾ പറഞ്ഞു. സ്ഫോടനത്തിൽ കാര്യമായി പരിക്കേറ്റ 6 പേർ മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. നിസാരമായി പരിക്കേറ്റ രണ്ടുപേർ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പൊട്ടിത്തെറിയുടെ ആഘാതത്തിലാണ് കുമ്പളയും പരിസര പ്രദേശങ്ങളും. 13 കിലോ മീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്.
അപകടസമയത്ത് ചുരുക്കം തൊഴിലാളികൾ മാത്രമാണ് പൊട്ടിത്തെറിച്ച ബോയിലറിനു സമീപത്ത് ഉണ്ടായിരുന്നത്. അതിനാലാണ് ആളപായത്തിൻ്റെ തോത് കുറയാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബോയിലറിന്റെ മർദ്ദം കൂടിയതാണ് പൊട്ടിത്തെറിക്കു കാരണമായതെന്നും പറയുന്നുണ്ട്.



