ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം; രാജ്യചരിത്രത്തിലാദ്യം

അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷൻസ് കോടതിയുടേതാണ് വിധി. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
മൂവരിൽ നിന്നും പശുമാംസം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവർ അറസ്റ്റിലായത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും ഇതറിഞ്ഞാണ് പ്രതികൾ കുറ്റം ചെയ്‌തതെന്നുമാണ് കോടതിയുടെ നിരീക്ഷണം. സെഷൻസ് ജഡ്‌ജി റിസ്വാനബൈൻ ബുഖാരിയാണ് ശിക്ഷ വിധിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവിന് വിധിക്കുന്നത്. ഒരുവർഷം നീണ്ടുനിന്ന വിചാരണയ്ക്കെ‌ാടുവിലാണ് ശിക്ഷ വിധിച്ചത്. വിധിയ്ക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതികൾ വ്യക്തമാക്കി.ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരം, ഓരോരുത്തർക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. സെക്ഷൻ 6(ബി) (ഏഴ് വർഷവും 1 ലക്ഷം രൂപയും പിഴ), സെക്ഷൻ 429 ഐപിസി (അഞ്ച് വർഷവും 5,000 രൂപയും പിഴ), സെക്ഷൻ 295 ഐപിസി (മൂന്ന് വർഷവും 3,000 രൂപയും പിഴ) എന്നിവ പ്രകാരം അധിക ശിക്ഷയും വിധിച്ചു. ഇവയെല്ലാം ഒരേസമയം അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ തടവ് ശിക്ഷ ദീർഘിപ്പിക്കും.
അമ്മയായ പശുവിനെതിരെ അനീതി ചെയ്യുന്നവരെ വെറുതെ വിടില്ലെന്നായിരുന്നു വിധിയോട് പ്രതികരിച്ചുകൊണ്ട് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്വി എക്സ‌ിൽ കുറിച്ചത്.“രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഗോഹത്യചെയ്‌ത കുറ്റക്കാരായവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇത് വെറുമൊരു വിധിയല്ല, ഇതൊരു സന്ദേശമാണ്. നമ്മുടെ വിശ്വാസത്തിൻ്റെയും സംസ്‌കാരത്തിന്റെയും പ്രതീകമായ അമ്മയായ പശുവിനെതിരെ അനീതി ചെയ്യുന്നവരെ വെറുതെ വിടില്ല”, അദ്ദേഹം കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top