ആന്റിബയോട്ടിക് മരുന്നുകള്‍: സംസ്ഥാനത്ത് എ എം ആര്‍ അവബോധ വാരം ഇന്ന് മുതല്‍

ഇപ്പോള്‍ പ്രവര്‍ത്തിക്കുക; വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും’ (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക് ദുരുപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
എ എം ആര്‍ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയേണ്‍മെന്റ് (സി എസ് ഇ) റിപോര്‍ട്ട് ചെയ്തിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. രാജ്യത്ത് ആദ്യമായി തുടര്‍ച്ചയായ നാല് വര്‍ഷങ്ങളിലും ആന്റിബയോഗ്രാം പുറത്തിറക്കി. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് തടഞ്ഞു. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
പൊതുജനങ്ങളുടെ ശരിയായ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള അവബോധം പരിശോധിക്കാനായി സംസ്ഥാനതലത്തിലും എല്ലാ ജില്ലകളിലും 10 ചോദ്യങ്ങള്‍ അടങ്ങുന്ന ക്യുആര്‍ കോഡ് ലഭ്യമാക്കുന്നു. ഇതിലൂടെ ആന്റിബയോട്ടിക് സാക്ഷരത എത്രയെന്ന് അറിയാനാകും. ‘ആന്റിബയോട്ടിക് സാക്ഷര കേരളം: ആരോഗ്യ സുരക്ഷിത കേരളം’ എന്ന നിലയില്‍ കേരളത്തില്‍ നടക്കുന്ന അവബോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കുചേരണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top