തിരുവനന്തപുരം സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം
ബാധിച്ച് ഒരാൾ കൂടി മരിച്ചു. പോത്തൻകോട് സ്വദേശിയായ 78 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂർ സ്വദേശിയായ പതിനെട്ടു വയസുകാരി മരിച്ചിരുന്നു. ഇന്നലെ സംസ്ഥഥാനത്തു നാലു പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പോത്തൻകോട് സ്വദേശിനി ദിവസങ്ങൾക്കു മുൻപ് പനിയെ തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എസ്യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വൃക്കകൾ തകരാറിലായതോടെ ഡയലാസിസ് നടത്തുകയും ചെയ്തിരുന്നു.സംസ്ഥാനത്ത് രോഗബാധയും മരണവും കൂടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് ആരോഗ്യവകുപ്പ്, കഴിഞ്ഞ വർഷം 38 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ ഈ വർഷം ഇതുവരെ 133 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം മരണസംഖ്യ 29 ആയി. ഈ മാസം 45 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 7 പേർ മരിക്കുകയും ചെയ്തു.


