ആലപ്പുഴ: അരൂരിൽ മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണ് അപകടം.
ഗർഡറിനടിയിൽ കുടുങ്ങിയ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഡ്രൈവർ ഭാഗത്തിന് മുകളിലേക്ക് തകർന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നിമാറി കോൺഗ്രീറ്റ് ഗർഡറുകൾ നിലം പതിച്ചാണ് അപകടമുണ്ടായത്.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ഗർഡറിന്റെ ഒരു ഭാഗം ക്രെയിനുകൾ ഉപയോഗിച്ച് ഉയർത്തിയാണ് വാഹനം പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഗർഡർ ഉയർത്തിയാൽ മാത്രമേ മറ്റ് വാഹനമോ ആളുകളോ ഉണ്ടോയെന്ന് അറിയാൻ സാധിക്കുകയുള്ളുവെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രണ്ട് ക്രെയിനുകളെത്തിയാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. നേരത്തെയും ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ തകർന്നിരുന്നു. ഓഗസ്റ്റിലും മാർച്ചിലുമായിരുന്നു ഗർഡർ തകർന്നത്.
ഗർഡർ തെന്നിമാറിയതാണ് അപകട കാരണമെന്ന് തൊഴിലാളികൾ അറിയിച്ചതായി എംഎൽഎ അറിയിച്ചു. നിലവിൽ ആലപ്പുഴയിൽ നിന്ന് എറണാകുളത്ത് വാഹനങ്ങൾ വിടുന്നില്ല. ചേർത്തല എക്സറെ ജങ്ഷനിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ആലപ്പുഴ ഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകാനാണ് നിർദേശം.
അരൂർ-തുറവൂർ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തു


