കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ, അതിജീവിതയുടെ പരാതിയിൽ രണ്ടാം പ്രതി മാർട്ടിന് എതിരെ കേസെടുക്കാൻ പൊലീസ്. ഉടൻ കേസ് രജിസ്റ്റർ ചെയ്യും. തനിക്ക് എതിരെ മനപൂർവം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നടി സൈബറാക്രമണം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുകയാണ്.മാർട്ടിലെ നിലവിൽ കോടതി 20 വർഷത്തേക്ക് തടവിൽ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി ഇയാൾ കോടതിയിൽ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമർശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് എന്നാണ് വിവരം.നടിയെ ആക്രമിച്ച കേസിൽ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിയ്ക്കായുള്ള പോരാട്ടത്തിൽ സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. 20 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടുനിന്നു.
ഇന്നലെ രാവിലെയാണ് അതിജീവിത ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയത്. ഇന്ന് വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അതിജീവിത മുഖ്യമന്ത്രിയുടെ വസതിയിൽ എത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് സർക്കാർ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കൂടിക്കാഴ്ച. സിനിമാ മേഖലയിലും പുറത്തും നടി ഇക്കാലയളവിൽ നേരിട്ട പ്രതിസന്ധികളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ നടിക്കെതിരെ നടക്കുന്ന അധിക്ഷേപവും ഇക്കൂട്ടത്തിൽ ചർച്ചയായി. ഉടൻ അപ്പീൽ നൽകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാർട്ടിന് എതിരെ കേസെടുക്കാൻ പൊലീസ്


