നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. കുറ്റകൃത്യം സംഭവിച്ച് എട്ടര വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. എട്ടാംപ്രതി ദിലീപ് ഉൾപ്പടെ എല്ലാ പ്രതികളും ഡിസംബർ എട്ടിന് വിചാരണക്കോടതിയിൽ ഹാജരാകണം. കേസിലെ വാദം ഉൾപ്പടെയുള്ള വിചാരണ നടപടികൾ കഴിഞ്ഞ ഏപ്രിൽ 11നാണ് പൂർത്തിയായത്. തുടർന്ന് കഴിഞ്ഞ 27 തവണയും വാദത്തിൽ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു.
നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്‌ത്‌ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളുണ്ട്. പൾസർ സുനി ഒന്നാംപ്രതിയും നടൻ ദിലീപ് എട്ടാംപ്രതിയുമാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേർത്തത്. കഴിഞ്ഞ വർഷം വിചാരണ നടപടികൾ പൂർത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങൾ ഒരുവർഷത്തിലധികം നീണ്ടു.2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ വെച്ച് നടിയെ ആക്രമിച്ചത്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രൊസിക്യൂഷൻ കേസിന് ബലം പകരുന്ന നിർണ്ണായക തെളിവുകൾ റിപ്പോർട്ടർ ടിവിയാണ് പല ഘട്ടങ്ങളിൽ പുറത്തുവിട്ടത്.
നീണ്ടകാലത്തെ നിയമപോരാട്ടമാണ് നടന്നതെന്നും സന്തോഷമെന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി പറഞ്ഞു. കോടതിയുടെ വിശ്വാസ്യത വരെ നഷ്‌ടപ്പെട്ട കേസായിരുന്നു. റിപ്പോർട്ടർ ചാനൽ നിരന്തരമായ ഇടപെടലുകൾ നടത്തി. അഭിനന്ദിക്കുന്നു. റിപ്പോർട്ടർ ചാനൽ ഇരയോടൊപ്പം നിന്നുവെന്നും ടി ബി മിനി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top