
കൊച്ചി: കോഴിക്കോട് ആറുവയസുകാരി അദിതി കൊല്ലപ്പെട്ട കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവരെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ശിക്ഷാവിധി. പ്രതികൾ രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി.2013 ഏപ്രിൽ 13നാണ് കേസിനാസ്പദമായ സംഭവം. അച്ഛൻയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തെ തുടർന്നായിരുന്നു പെൺകുട്ടി മരിച്ചത്. കൊലപാതകക്കുറ്റം അനുസരിച്ചാണ് ഇരുവർക്കും ജീവപര്യന്തം ശിക്ഷ നൽകിയത്. വിചാരണ കോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ശരിവെച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നും വധശിക്ഷ നൽകേണ്ടതില്ലെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ ശിക്ഷാവിധി. അദിതിയേയും പത്ത് വയസുകാരനായ സഹോദരനെയും പ്രതികൾ ദീർഘകാലം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. കുട്ടിയെ അച്ചടക്കം പഠിപ്പിക്കാനാണ് ശിക്ഷിച്ചതെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടി അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും ഹൈക്കോടതി കണ്ടെത്തി.പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് കുട്ടിയുടെ ശരീരത്തിൽ 19 മുറിവുകൾ ഉണ്ടായിരുന്നു. വയറിലേറ്റ അതിശക്തമായ മർദനമാണ് മരണത്തിന് കാരണമായത്. കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് സ്വകാര്യഭാഗങ്ങളിലടക്കം തിളച്ചവെള്ളം ഒഴിക്കുകയും ചൂരൽകൊണ്ട് അടിക്കുകയും പട്ടിണിക്കിടുകയും പതിവായിരുന്നു. അയൽവാസികളും ചൈൽഡ് ലൈൻ പ്രവർത്തകരും വീട്ടിലേക്ക് വരാതിരിക്കാൻ നായ്ക്കളെ അഴിച്ചുവിട്ടിരുന്നു. ഇക്കാര്യങ്ങൾ അന്വേഷണത്തിൽ വ്യക്തമായതായും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.



