ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയൻപിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടത്തിൽ നടൻ മണിയൻപിളള രാജുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിക്കും. ശേഷം വാഹനം കണ്ടെത്തും. വൈദ്യ പരിശോധന കഴിഞ്ഞ് പറയാമെന്ന് മണിയൻപിളള രാജു പൊലീസിനോട് പറഞ്ഞു. ബൈക്ക് തന്റെ വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് മണിയൻപിളള രാജു പറയുന്നത്. സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി ആരോപണമുയരുന്നുണ്ട്. സംഭവത്തിൽ ദൃക്സാക്ഷി മൊഴിയടക്കം പുറത്തുവന്നിട്ടും പ്രതിയെ പിടിച്ചില്ലെന്നും പൊലീസ് നടന് എല്ലാ സഹായവും ചെയ്‌തുവെന്നുമാണ് ആരോപണം. അപകടമുണ്ടാക്കിയ നടന്റെ വണ്ടി ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.മണിയൻപിളള രാജു അൽപ്പസമയം മുൻപ് പൊലീസ് സ്റ്റേഷനിൽ ഹാജരായിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായത്. ബൈക്ക് തൻ്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിർത്താതെ പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞു. അപകടം നടന്നയുടൻ തന്നെ ആംബുലൻസ് എത്തിക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും വാഹനം സ്റ്റേഷനിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു നടൻ്റെ പ്രതികരണം.ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ വോൾവോ കാർ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിനുള്ളിലായി. ബൈക്കുമായി കാർ അമിതവേഗത്തിൽ നീങ്ങിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്‌പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തിൽപ്പെട്ട ബൈക്ക് ഫയർഫോഴ്‌സ് എത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top